Tuesday, May 11, 2010

സൂക്ഷിക്കുക, ക്യാമറക്കണ്ണുകള്‍ എവിടെയും

സൂക്ഷിക്കുക, ക്യാമറക്കണ്ണുകള്‍ എവിടെയും
റീഷ്മ ദാമോദര്‍

സ്ത്രീകളുടെ വസ്ത്രമൊന്ന് നീങ്ങാന്‍ കാത്തിരിക്കുകയാണ് ക്യാമറക്കണ്ണുകള്‍ തുറന്നടയാന്‍. പേടി കൂടാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലേ നമുക്ക്. സമീപകാല സംഭവങ്ങളിലൂടെയുള്ള ഒരന്വേഷണം...


സ്ഥലം കോഴിക്കോട്ടെ ഒരു ഹോട്ടല്‍. ഉച്ചനേരം. അത്യാവശ്യം നല്ല തിരക്കുണ്ട്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരുകൂട്ടം എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍. അതിലെ ഒരു പെണ്‍കുട്ടി ബാത്ത്‌റൂമില്‍ കയറിയതാണ്. വെറുതെ മുകളിലേക്ക് നോക്കി. എന്തോ സാധനം അവിടെ ഒളിപ്പിച്ചിട്ടുള്ളതുപോലെ തോന്നി. കൈകൊണ്ടു തട്ടിയപ്പോള്‍ അത് നീങ്ങിപ്പോയി. വിശദമായി പരിശോധിച്ചു. വീഡിയോ മോഡിലുള്ള ക്യാമറ. എടുത്തുനോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. ആ ബാത്ത്‌റൂമില്‍ കയറിയ കുറേ സ്ത്രീകളുടെ മുഖം വ്യക്തമല്ലാത്ത ചിത്രങ്ങള്‍. പെണ്‍കുട്ടി ഉടനെ ബന്ധുവിനെ അറിയിച്ചു.

ബന്ധു കൂട്ടുകാരെയും കൂട്ടി എത്തുന്നതുവരെ പെണ്‍കുട്ടി ബാത്ത്‌റൂമില്‍തന്നെ നിന്നു. ക്യാമറ ഒളിപ്പിച്ചയാളുടെ പടവും മൊബൈലിലുണ്ടായിരുന്നു. അതേ ഹോട്ടലിലെ താത്കാലിക ജീവനക്കാരനായ അഖില്‍ ജോസ്.

*** ***

ഇതാദ്യത്തേതല്ല. കേരളത്തില്‍ വ്യാപകമായി നടക്കുന്ന കുറേ സംഭവങ്ങളില്‍ ഒടുവിലത്തേതുമാത്രം. ഇനി വ്യാപകമായി പ്രചരിക്കുന്ന ഒരു എസ്.എം.എസ് : ''ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികള്‍. ഭക്ഷണം കഴിച്ചതിനുശേഷം ഭാര്യ ഭര്‍ത്താവിനോട്: ''ചേട്ടാ, ഞാനൊന്നു ടോയ്‌ലറ്റില്‍പോയി വരാം. ഭര്‍ത്താവ്: അയ്യോ, വേണ്ട നീ ഇവിടത്തെ ബാത്ത്‌റൂമില്‍ പോവണ്ട. നീയാ വഴിയിലേക്കിറങ്ങി മൂത്രമൊഴിച്ചോ. അതാകുമ്പോള്‍ നാലുപേരേ കാണുകയുള്ളൂ. ഇവിടത്തെ ടോയ്‌ലറ്റില്‍ പോയാല്‍ അത് ലോകംമുഴുവന്‍ കാണും.''

ഇതേതോ വിരുതന്‍ ഒപ്പിച്ച തമാശ മെസേജാണ്. പക്ഷേ, വളരെ ഗുരുതരമായൊരു പ്രശ്‌നത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന യാഥാര്‍ഥ്യം. അവരുടെ ഓരോ ചലനങ്ങളും ഒപ്പിയെടുത്ത് ഒരു ക്യാമറക്കണ്ണ് അവരെ പിന്തുടരുന്നു.

''പുരുഷന്മാര്‍ക്ക് വഴിയിലെവിടെയും മൂത്രമൊഴിക്കാം. പക്ഷേ, ഞങ്ങള്‍ക്കോ? ഞങ്ങള്‍ പലപ്പോഴും ഹോട്ടലില്‍ കറയുന്നതുതന്നെ, ബാത്ത്‌റൂമില്‍ പോകാന്‍ വേണ്ടിയാണ്. ഇനിയിപ്പോ എന്തുചെയ്യും? മൂത്രശങ്കതോന്നിയാലും വീട്ടിലെത്തുന്നതുവരെ പിടിച്ചിരിക്കുകയല്ലാതെ'', തൃശ്ശൂരിലെ അധ്യാപികയായ രേഖയെപ്പോലെ ചിന്തിച്ചുതുടങ്ങുന്നു സ്ത്രീകള്‍.

വെറുതെയൊരു രസത്തിന് ക്യാമറയ്ക്കു പോസ് ചെയ്യുന്നവര്‍ മുതല്‍ അറിയാതെ ക്യാമറാക്കണ്ണുകളില്‍ പെടുന്നവര്‍ വരെ. സംഭവങ്ങള്‍ എല്ലാമൊരു പോലെ, ഇരകള്‍ മാത്രം മാറുന്നു.

കൊച്ചിയിലെ ഒരുകോളേജ് വിദ്യാര്‍ഥിനിയ്ക്ക് തന്റെ ജീവിതം തന്നെ നഷ്ടപ്പെട്ടു, ഇത്തരമൊരു തമാശയുടെ പേരില്‍. കസവുസാരി ചുറ്റിയ ഈ പെണ്‍കുട്ടിയോട് കൂട്ടുകാരി, വസ്ത്രങ്ങളഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി വസ്ത്രങ്ങളഴിച്ചുമാറ്റുന്നത്, കൂട്ടുകാരി മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. കൂട്ടുകാരിയുടെ കാമുകന്‍ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഈ രംഗങ്ങളും കണ്ടു. പിന്നെ, ഒട്ടും താമസിച്ചില്ല, നിമിഷങ്ങള്‍കൊണ്ട് ഈ രംഗങ്ങള്‍ യൂ ട്യൂബില്‍ കയറി. ബ്ലൂടൂത്ത് വഴി മൊബൈലുകളിലേക്കും പറന്നു. ഒടുവില്‍, നാണക്കേട് സഹിക്കവയ്യാതെ ഈ പെണ്‍കുട്ടി വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയതും, പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയതും ആരുമറിയാതെപോയ കഥ.

തിരുവനന്തപുരത്തെ ഒരു കോളേജ് വിദ്യാര്‍ഥിനിയെ ചതിച്ചത്, കാമുകനിലുള്ള അമിതവിശ്വാസം. കുട്ടി താന്‍ കുളിക്കുന്ന സീന്‍ മുഴുവന്‍ മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. എന്നിട്ട്, കാമുകന് അയച്ചുകൊടുത്തു. ഈ ചൂടന്‍ രംഗങ്ങള്‍ മറ്റുള്ളവര്‍കൂടി ആസ്വദിക്കണമെന്ന് കാമുകനു തോന്നി. ഉടനെയത് യൂട്യൂബില്‍ കയറ്റി. പെണ്‍കുട്ടി തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും തിരുത്താനാവാത്ത വിധം വൈകിയിരുന്നു.
''ചെറിയൊരു ശതമാനം കുട്ടികള്‍ മാത്രമാണിങ്ങനെ. എന്നാല്‍, ഒരു തെറ്റും ചെയ്യാതെ കെണിയിലകപ്പെടുന്ന ഒരുപാട്‌പേരുണ്ട്. അവരുടെ കാര്യമോ? ലോകം മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ നഗ്‌നത ആസ്വദിക്കുക. ബലാത്സംഗത്തേക്കാള്‍ ക്രൂരമല്ലേയിത്'', തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഒരുദ്യോഗസ്ഥ രോഷംകൊള്ളുന്നു.

ഈയടുത്താണ് സംഭവം നടന്നത്. കോട്ടയത്തെ ഒരു പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മൊബൈലിലേക്ക് കുട്ടിയുടെ 'ശരിയല്ലാത്ത' ഒരു ഫോട്ടോ വന്നു. കുട്ടിയുടെ വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കി. ഒരു ട്രെയിന്‍ യാത്രയുടെ ബാക്കിപത്രമായിരുന്നു അതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജിലെ പയ്യനായിരുന്നു കഥയിലെ വില്ലന്‍. മുകളിലെ ബര്‍ത്തില്‍ കമിഴ്ന്നുകിടന്നാണ് താഴെ ഇരിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ ക്യാമറയില്‍ 'പകര്‍ത്തിയത്.'

പല വസ്ത്രവില്പനശാലകളിലെയും ട്രയല്‍ റൂമുകള്‍ പോലും സ്ത്രീകള്‍ക്കുനേരെ ക്യാമറക്കണ്ണും തുറന്നിരിക്കുന്നു. തിരുവനന്തപുരത്തെ ഒരു ഐ.ടി. പ്രൊഫഷണല്‍, ട്രയല്‍ റൂമില്‍ നിന്നും വസ്ത്രം മാറുന്ന ഫോട്ടോ യൂ ട്യൂബില്‍ വന്നപ്പോള്‍ ഒരു മണിക്കൂറിനുള്ളില്‍ 1000-ത്തിലധികം പേരാണ് കണ്ടത്. വസ്ത്രശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ഏറ്റവുമധികം ഭീഷണിയാവുന്നത് 'ടൂവേ' മിററുകളാണ്. ടൂവേ മിറര്‍ ആണെങ്കില്‍ മറുപുറം നില്‍ക്കുന്നവര്‍ക്ക് എല്ലാം വ്യക്തമായി കാണാം. എന്നാലിത് കണ്ടുപിടിക്കാനൊരു വഴിയുണ്ട്. കണ്ണാടിയില്‍ വിരല്‍വെച്ചുനോക്കുക. വിരലിനും കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തിനും ഇടയില്‍ ചെറിയ വിടവുണ്ടെങ്കില്‍ അത് ഒറിജിനല്‍ കണ്ണാടിയാണെന്നുറപ്പിക്കാം. പേടിക്കേണ്ടതില്ലെന്നര്‍ഥം.

''ഇപ്പോള്‍ ഞാന്‍ ട്രയല്‍ റൂമില്‍ കയറി ഡ്രസ് ഇട്ടുനോക്കാറേയില്ല. മാനം പോകുന്നതിനേക്കാള്‍ നല്ലതല്ലേ, പത്തോ മുപ്പതോ രൂപ ഓട്ടോയ്ക്ക് കൊടുക്കുന്നത്? വീട്ടില്‍പ്പോയി ഡ്രസ് ഇട്ടുനോക്കും. പാകമല്ലെങ്കില്‍ തിരിച്ചുകൊണ്ടുപോയി മാറ്റും'', കോട്ടയത്തെ ബിസിനസ്സുകാരിയായ നൗറീന്‍ ഒരു ബദല്‍ കണ്ടെത്തിക്കഴിഞ്ഞു.

പ്രണയത്തിലും ക്യാമറ ഒളിഞ്ഞുനോക്കിയപ്പോള്‍ തകര്‍ന്നുപോയത് ഒരുപാട് പെണ്‍കുട്ടികളാണ്. ഒരു നിമിഷത്തിന്റെ തെറ്റ്... അത് മനസ്സിലാവുമ്പോഴേയ്ക്കും അവരുടെ ചിത്രങ്ങള്‍ കടല്‍കടന്നിട്ടുണ്ടാവും. കൂടെ, 'വഴിപിഴച്ചവള്‍'എന്ന സമൂഹത്തിന്റെ വിശേഷണവും പതിഞ്ഞുകിട്ടും. അങ്ങനെ ജീവിതമവസാനിപ്പിച്ചവര്‍... തളിപ്പറമ്പിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പ്രവിദയെ ഇനിയും മറക്കാറായിട്ടില്ല. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള ആലിംഗനരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യമായപ്പോള്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല. ഒരു മുഴം കയറില്‍ അവര്‍ ജീവിതമവസാനിപ്പിച്ചു.

എന്നാല്‍, ഇതിനെയെല്ലാം നേരിട്ടു കാട്ടാക്കടയിലെ ഒരു എഞ്ചിനിയറിങ് വിദ്യാര്‍ഥിനി. ഈ പെണ്‍കുട്ടിയും ഒരു കണ്ടക്ടറും തമ്മില്‍ കടുത്ത പ്രണയം. അയാള്‍ കല്യാണം കഴിക്കാമെന്ന വാഗ്ദാനവും നല്‍കി. കുറെ സ്ഥലങ്ങളില്‍ പോയി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചു. ഭര്‍ത്താവാകാന്‍ പോകുന്നയാളല്ലേ എന്തിനു പേടിക്കണം. ഇതായിരുന്നു പെണ്‍കുട്ടിയുടെ ചിന്ത. എന്നാല്‍, അയാളുമൊത്തുള്ള രംഗം യൂ ട്യൂബില്‍ കണ്ടപ്പോഴാണ്, ചതിക്കപ്പെട്ട കാര്യം പെണ്‍കുട്ടി അറിയുന്നത്. അവള്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തു. എന്നാല്‍, താനല്ല, മറ്റാരോ ആണ് ഒളിക്യാമറയുപയോഗിച്ച് എല്ലാം പകര്‍ത്തി യൂ ട്യൂബില്‍ കയറ്റിയത്, ഇതാണ് പ്രതിയുടെ വാദം. കേസിപ്പോള്‍ കോടതിയിലാണ്.

''വീക്കെന്‍ഡ് അടിച്ചുപൊളിക്കാന്‍ ഞാനും ഭര്‍ത്താവും ഏതെങ്കിലും ഹോട്ടലില്‍ റൂമെടുക്കുമായിരുന്നു. ഇപ്പോള്‍ അതെല്ലാം നിര്‍ത്തി. സ്വസ്ഥമായി കുറച്ചുനേരം ഒരുമിച്ചിരിക്കാനോ, ബാത്ത്‌റൂമില്‍ പോകാനോ കഴിയില്ല. അതുകൊണ്ട് വീട്ടില്‍ത്തന്നെയിരിക്കും'', എറണാകുളത്തെ അധ്യാപിക ശോണിമ പറയുന്നു.

എന്നാല്‍ സ്വന്തം വീട്ടിലും സുരക്ഷിതയല്ലെന്നു വന്നാലോ? കടുത്തുരുത്തിയില്‍ ഈയടുത്താണ് രണ്ട് കോളേജ്പയ്യന്മാരെ നാട്ടുകാര്‍ പിടികൂടിയത്. ദമ്പതിമാര്‍ കിടക്കുന്ന ബെഡ്‌റൂമിന്റെ ജനലിനടുത്ത് നിന്ന്, ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു ഇവര്‍.

ക്യാമറകള്‍ പലവിധം

മുമ്പൊക്കെ മൊബൈല്‍ ക്യാമറയെ ഭയപ്പെട്ടാല്‍ മതിയായിരുന്നു. എന്നാലിന്ന്, ചെറിയ കടുകുമണിയുടെ രൂപത്തിലുള്ള ക്യാമറകളുണ്ട്. ബ ട്ടണ്‍, പേനയുടെ ക്യാപ്പ്, തൊപ്പി, കൂളിങ് ഗ്ലാസ് എവിടെ വേണമെങ്കിലും ഈ കുഞ്ഞന്‍ ക്യാമറയ്ക്ക് കയറിക്കൂടാം.

''സിനിമാ നടികള്‍, ടെലിവിഷന്‍ അവതാരകര്‍, ഇവരുടെയൊക്കെ പേര് വെറുതെ ഇന്റര്‍നെറ്റില്‍ ടൈപ്പ്‌ചെയ്തുനോക്കിയാല്‍ മതി, ഇത്തരം ഒട്ടേറെ ചിത്രങ്ങള്‍ കാണാം. മോര്‍ഫ് ചെയ്യുന്നതാവാം, ഹോട്ടലില്‍ ഒളിക്യാമറ വെച്ച് ഷൂട്ട്‌ചെയ്യുന്നതുമാവാം'', കോഴിക്കോട്ടെ അഡീ
ഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജു സിറിയക് പറയുന്നു.

''മലയാളി പെണ്‍കുട്ടിയുടെ ഏതു ശരീരഭാഗമാണെങ്കിലും അതിനു ഭയങ്കര ഡിമാന്‍ഡാണ്. ഓര്‍ക്കുട്ടില്‍ നോക്കിയാല്‍ കാണാം. 'മല്ലുഗേള്‍സ്' എന്ന കമ്യൂണിറ്റിയ്ക്കാവും ഏറ്റവും കൂടുതല്‍ ആരാധകര്‍'', ഓര്‍ക്കുട്ടിലെ സ്ഥിരം സന്ദര്‍ശകനായ തിരുവനന്തപുരത്തെ കോളേജ് വിദ്യാര്‍ഥി സനല്‍ പറയുന്നു.

ഒരു ക്ലിപ്പിങ് ആളുകള്‍ ഡൗണ്‍ലോഡ്‌ചെയ്യുന്നതിനനുസരിച്ചാണ്, ഇത് ഇന്റര്‍നെറ്റില്‍ കയറ്റുന്ന ആള്‍ക്ക് പണം. അതെത്ര വേണമെങ്കിലുമാകാം. 100 മുതല്‍ 1000 വരെ. ഇതൊരു വന്‍ വ്യവസായമായി മാറുകയാണ്. അതിനിടയില്‍ സ്ത്രീകളുടെ ഭീതി ആരറിയാന്‍? ''എന്റെ മോള്‍ പുറത്തുപോവുമ്പോള്‍ ഞാനെപ്പോഴും ഓര്‍മിപ്പിക്കും. ട്രയല്‍റൂം, ബാത്ത്‌റൂം ഇവിടെയൊന്നും കയറരുതെന്ന്. കേള്‍ക്കുന്നവര്‍ക്ക് തമാശയായിരിക്കാം. എന്നാല്‍ എന്റെ നെഞ്ചിലെ തീ ആരറിയാന്‍'', ആലപ്പുഴയിലെ വീട്ടമ്മ ഗീത ഉത്കണ്ഠപ്പെടുന്നു.

2004 സപ്തംബറിലാണ് 'ഒളിക്യാമറ' എന്നൊരു വാക്കിനെക്കുറിച്ച് ജനങ്ങളറിയുന്നത്. ഓസ്‌ട്രേലിയയില്‍ വനിതാ ഹോസ്റ്റലിലെ ഷവറിലാണ് ക്യാമറ കണ്ടെത്തിയത്. വെറും രണ്ടുമാസങ്ങള്‍ക്കുള്ളില്‍ അത് ഇന്ത്യയിലെത്തി.

''പരാതിപ്പെട്ടതുകൊണ്ട് യാതൊരു കാര്യമില്ല. അഥവാ പരാതിപ്പെട്ടെന്നിരിക്കട്ടെ, വാദി പ്രതിയാവും. കോഴിക്കോട് സംഭവിച്ചതുപോലെ. പ്രതിയെ ഒന്നു തൊടാന്‍പോലും പോലീസുകാര്‍ ധൈര്യപ്പെട്ടില്ല. അവരുടെ നോട്ടത്തില്‍ ബാത്ത്‌റൂമില്‍ പോയ പെണ്‍കുട്ടിയാണ് കുറ്റക്കാരി. പെണ്‍കുട്ടി വിവരമറിയിച്ചതിനെതുടര്‍ന്ന് ഹോട്ടലിലെത്തിയ സഹോദരനെ തല്ലിച്ചതയ്ക്കുകയും ചെയ്തു. പക്ഷേ, ആ പെണ്‍കുട്ടി കാണിച്ച ധൈര്യം നമ്മള്‍ അഭിനന്ദിക്കണം'', കോഴിക്കോട്ടെ അധ്യാപികയായ ദീപയുടെ അഭിപ്രായം സ്ത്രീകള്‍ ശരിവെക്കുന്നു.

പെണ്‍കുട്ടിയുടെ സഹോദരനായ രാഹുല്‍ തന്റെ അനുഭവം മറ്റാര്‍ക്കുമുണ്ടാവല്ലേയെന്ന് പ്രാര്‍ഥിക്കുന്നു. ''ക്യാമറ കണ്ടെത്തിയെന്ന് പറഞ്ഞപ്പോള്‍ ഹോട്ടലില്‍ എത്തിയതായിരുന്നു ഞാന്‍. പോലീസുകാര്‍ കൂടെ എത്തിയതോടെ കഥ മാറി. ഞാനാണ് ക്യാമറ ഒളിപ്പിച്ചതെന്ന രീതിയിലാണ് അവരെന്നോടു പെരുമാറിയത്. സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. ചെവിയടച്ചാണ് ഒരടിവീണത്. എന്നെക്കൊണ്ട് മൂത്രം കുടിപ്പിക്കാന്‍ വരെ ശ്രമിച്ചു. മര്‍ദനമേറ്റതിന്റെ ഫലമായി ഭാവിയില്‍ എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആര് സമാധാനം പറയും.'' കേരളം ചെവിക്കൊള്ളുമോ ഈ വേദനകള്‍.

ഓരോ ചുവടും കരുതലോടെ

ആരെങ്കിലും ഫോട്ടോ എടുത്തുവെന്നു തോന്നിയാല്‍ ഉടന്‍ കൂടെയുള്ളവരെ വിവരമറിയിച്ച് മൊബൈല്‍ വാങ്ങിവെക്കുക. പോലീസിനെ അറിയിച്ച് ഫോണ്‍ പരിശോധിക്കുകയും വേണം.

എത്ര വേണ്ടപ്പെട്ടവരാണെങ്കിലും ഫോട്ടോയെടുക്കുമ്പോള്‍ അരുതെന്നു പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ കാണിക്കണം.

ഹോട്ടല്‍, ടെക്‌സ്റ്റൈല്‍ഷോറൂം എന്നിവിടങ്ങളില്‍ ജോലിക്ക് നിര്‍ത്തുന്നവരെക്കുറിച്ച് ഉടമസ്ഥര്‍ വ്യക്തമായി അന്വേഷിക്കണം. അവരേത് സ്വഭാവക്കാരാണ്, ക്രിമിനല്‍ സ്വഭാവമുണ്ടോ എന്നൊക്കെ അറിയാനാണിത്.

ജീവനക്കാര്‍ സ്ത്രീകളുടെ ബാത്ത്‌റൂമില്‍ കയറുന്നുണ്ടെങ്കില്‍ അവരെ പ്രത്യേകം നിരീക്ഷിക്കണം.

ബാത്ത്‌റൂം, ഹോട്ടല്‍ മുറി, ട്രയല്‍ റൂം എന്നിവിടങ്ങളില്‍ കയറുമ്പോള്‍ പ്രാഥമിക പരിശോധന എപ്പോഴും നന്ന്്. മേല്‍ക്കൂര, ഫാന്‍, ജനാലകള്‍, ടാപ്പ്, കണ്ണാടി, ഫ്‌ളഷ്ടാങ്ക് എന്നിവിടങ്ങളിലൊക്കെ വിശദമായി പരിശോധിക്കണം.

ഈ ഫോണ്‍ നമ്പറുകള്‍ എപ്പോഴും കൈയില്‍ കരുതുക. പോലീസ് കണ്‍ട്രോള്‍ റൂം 100, ക്രൈം സ്റ്റോപ്പര്‍ നമ്പര്‍ 1090, വനിതാ ഹെല്‍പ്പ്‌ലൈന്‍ 1091, റെയില്‍വേ അലേര്‍ട്ട് 9846200100, ഹൈവേ അലേര്‍ട്ട് 9846100100.

ഐടി ആക്ട് 67 പ്രകാരം അശ്ലീലം കലര്‍ന്ന ചിത്രങ്ങള്‍ കൈമാറുന്നതും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നതും മൂന്നു വര്‍ഷം തടവോ, അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെ തട
വും പത്തു ലക്ഷം രൂപ പിഴയുമുണ്ടാവും.

മൊബൈല്‍ ഫോണ്‍ റിപ്പയറിനു കൊടുക്കുമ്പോള്‍ മെമ്മറി കാര്‍ഡ് ഊരിമാറ്റിവെക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

No comments:

Post a Comment